
മധുബനി ചിത്ര കലാ പരിശീലനത്തിന്റെ ഉദ്ഘാടനം എറണാകുളം അസിസ്റ്റന്റ് കളക്ടർ ഹൃതിക് രഞ്ജൻ മധുബനി ചിത്രം വരച്ചുകൊണ്ട് നിർവഹിക്കുന്നു.
എറണാകുളം ജില്ലാ ഭരണകൂടം അതിഥി വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന രോഷ്നി പദ്ധതിയുടെ ഭാഗമായി ബീഹാറിലെ പുരാതന ചിത്രകലാ രൂപമായ മധുബനി ചിത്രകലയിൽ പരിശീലനം ആരംഭിച്ചു.
പദ്ധതിയിൽ ഉൾപ്പെട്ട അഞ്ച് സ്‌കൂളുകളിൽ നിന്നുമായി 31 അതിഥി വിദ്യാർത്ഥികൾക്കാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം. പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും നേടുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന ഈ പരിശീലന പരിപാടി ഇടപ്പള്ളി കുന്നുംപുറം ഗവൺമെന്റ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ വച്ചാണ് നടക്കുന്നത്. ബീഹാർ സ്വദേശികളും മധുബനി കലാകാരൻമാരുമായ ചന്ദ്രകാന്ത് കുമാർ ബാരി, ലളിത ദത്ത എന്നിവർ ആണ് ബീഹാറിൽ നിന്നുമെത്തി നേരിട്ട് പരിശീലനം നൽകുന്നത്.
രോഷ്നി പദ്ധതിയുടെ ആദ്യ കാല ഗുണഭോക്താവും നിലവിലെ രോഷ്നി വാളണ്ടിയറുമായ ബീഹാർ സ്വദേശിനി കുമാരി ദറക്ഷ പർവീൺ മെന്റർ ആയ ഈ പരിശീലനം എറണാകുളം അസിസ്റ്റന്റ് കളക്ടർ ഹൃതിക്ക് രഞ്ജൻ മധുബനി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. രോഷ്നി പദ്ധതി ജനറൽ കോർഡിനേറ്റർ സി കെ പ്രകാശ്, അക്കാദമിക് കോർഡിനേറ്റർ ഡോ. ജയശ്രീ കുലകുന്നത്ത്, സ്കൂൾ ഹെഡ് മിസ്ട്രസ് ബാലാംബിക, അധ്യാപകൻ മാഹിൻ, കലക്ടറേറ്റ് ഇന്റേൺസ് എൽദോ മാത്യു, എലിസബത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Photo Courtesy - Google









